Friday, July 13, 2012

Saturday, October 17, 2009

Ramakalmedu


Ramakal Medu Statue -

Tuesday, May 26, 2009

Puttadi Karmel Kurisumala




മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏക കുരിശുമല തീര്‍ത്ഥാടന കേന്ദ്രമായ പുറ്റടി സെന്റ് മേരീസ് പള്ളിയുടെ മുന്നിലാണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. കര്‍മ്മേല്‍ കുരിശുമല തീര്‍ത്ഥാടനകേന്ദ്രം എന്ന് ബോര്‍ഡില്‍ കാണാം. ചെരുപ്പുകള്‍ നടയില്‍ ഊരിവെച്ചിട്ടാണ് ഞങ്ങളെല്ലാവരും പള്ളിമുറ്റത്തേക്ക് പ്രവേശിച്ചത്. പള്ളിയില്‍ അല്പനേരം ഇരുന്നതിനുശേഷം ഞങ്ങള്‍ കുരിശുമല കയറാനായി നടന്നു. കയറ്റം തുടങ്ങുന്നതിനുമുന്‍പ് ഒരു കുരിശടിയുണ്ട്. പ്രാര്‍ത്ഥനകളോടെ കയറ്റം ആരംഭിക്കാം എന്ന സൂചനയാണിത്. നല്ല കയറ്റം തന്നെയാണിത്. പ്രായം മറന്ന് ആവേശത്തോടെ കയറുന്ന അമ്മച്ചി ഒരു അത്ഭുതമായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ മാത്രമേ മലകയറാന്‍ മടിച്ചുനിന്നുള്ളൂ. ഏതാണ്ട് 200 മീറ്റര്‍ ദൂരം മാത്രമേ കയറ്റമുള്ളൂ. പക്ഷേ നല്ല കുത്തനെയുള്ള കയറ്റമാണത്. അരികിലുള്ള കൈവരിയില്‍ പിടിച്ചു കയറുന്നതാണ് സുരക്ഷിതമെന്ന് അല്പനേരംകൊണ്ട് മനസ്സിലായി.പാതയുടെ നടുക്ക് ഇളക്കമുള്ള മണ്ണാണ് സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നിവീഴും. മലയാറ്റൂര്‍ കയറ്റം പോലെ പാറക്കൂട്ടങ്ങളോ മറ്റോ ഒന്നും ഇവിടെയില്ല. ഏതാണ്ട് പത്തുമിനിറ്റ് സമയംകൊണ്ട് ഞങ്ങള്‍ മലമുകളിലെത്തി. അവിടെ ഒരു ചെറിയ കുരിശും അതിനോടു ചേര്‍ന്ന് ചാപ്പലും ഉണ്ട്. അവിടെ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്. അതോടെയാണ് ഇവിടം മലങ്കര കുരിശുമല തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്. അപൂര്‍വമായ ഒരു അനുഭവമായിരുന്നു എല്ലാവര്‍ക്കും ഈ കുരിശുമല കയറ്റം. തേക്കടി ബോട്ടിങ് നടത്താഞ്ഞതിന്റെ വിഷമങ്ങളെല്ലാം ഇവിടെ വന്നപ്പോള്‍ മാറിയെന്ന് ആരോ പറയുന്നതുകേട്ടു. വിശുദ്ധിയില്‍ ജീവിതം നയിച്ച പരുമല പരിശുദ്ധന്റെ നിറ സാന്നിധ്യത്താല്‍ അനുഗൃഹീതമായ പുറ്റടി കുരിശുമല ശരിക്കും ഒരു റിലാക്സ് ആയിരുന്നു ഞങ്ങള്‍ക്ക്. എപ്പോഴും തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കുന്ന പ്രശാന്തമായ സ്ഥലം. ധ്യാനത്തിനു പറ്റിയ സ്ഥലമായതിനാല്‍ അനേകര്‍ ഇവിടേക്ക് വരാറുണ്ടെന്ന് വികാരി. ജോര്‍ജ്ജ് വര്‍ഗീസ് അച്ചന്‍ പറഞ്ഞു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലനിരകള്‍. ഏകദേശം 9 പള്ളികള്‍ നമുക്ക് ഇവിടെ നിന്നാല്‍ കാണാം. നിര്‍ദ്ദിഷ്ട ഇടുക്കി എയര്‍പോര്‍ട്ടിന്റെ സ്ഥലം അച്ചന്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. നല്ല നിരപ്പാര്‍ന്ന സ്ഥലം. അവിടെയുള്ള 3 പള്ളികള്‍ വിമാനത്താവളം വരുമ്പോള്‍ പൊളിക്കേണ്ടിവരും. ഞങ്ങള്‍ക്ക് ഇനി പോകേണ്ടത് രാമക്കല്‍ മേട്ടിലേക്കാണെന്ന് അച്ചനോടു പറഞ്ഞപ്പോള്‍, കാറ്റാടി കാണാന്‍ നിങ്ങള്‍ അവിടെവരെ പോകണമെന്നില്ല, ദാ അവിടേക്ക് നോക്കിയാല്‍ മതി എന്നു പറഞ്ഞ് അച്ചന്‍ ദൂരേക്ക് കൈ ചൂണ്ടി. അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്. ദൂരെ മലമുകളില്‍ ആകാശത്തോട് ചേര്‍ന്ന് മെല്ല കറങ്ങിക്കൊണ്ടിരിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍. മഞ്ഞ് പടലം മൂടിക്കിടക്കുന്നതുകൊണ്ട് കാഴ്ച വ്യക്തമല്ല. പുറ്റടി പള്ളിയിലെ ചെറിയ കാപ്പി സല്‍ക്കാരത്തിനുശേഷം കാറ്റാടിപ്പാടങ്ങളെ മനസ്സില്‍കണ്ടുകൊണ്ട് ഞങ്ങള്‍ മലയിറങ്ങി. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളിലൂടെയാണ് ഞങ്ങള്‍ ഓരോരുത്തരും ഇപ്പോള്‍ നീങ്ങുന്നത്. ഒരു തീര്‍ത്ഥാടനത്തിന്റെ അനുഭവം പകര്‍ന്നുതരുവാന്‍ കുരിശൂമലയ്ക്കു കഴിഞ്ഞു. ഇനി കാറ്റാടിപ്പാടം. അതാണ് ഞങ്ങളുടെ അവസാനത്തെ ഡെസ്റ്റിനേഷന്‍. അവിടേക്ക് ഏതാണ്ട് ഒന്നരമണിക്കൂര്‍ യാത്രയുണ്ടെന്ന് ജോര്‍ജ്ജച്ചന്‍ പറഞ്ഞു. ബസ് മുന്നോട്ടുനീങ്ങിത്തുടങ്ങി. സമയം നാലര കഴിഞ്ഞിരിക്കുന്നു. മുന്നോട്ടു പോകുന്തോറും കാലാവസ്ഥ മാറിവരുന്നതായി അനുഭവപ്പെട്ടു. മഴയുടെ ഒരു വിദൂരലക്ഷണം ഉള്ളതുപോലെ തോന്നി. മഴക്കാറുകള്‍ അന്തരീക്ഷത്തെ മെല്ലെ മൂടാന്‍ തുടങ്ങവേയാണ് ഞങ്ങള്‍ സുന്ദരമായ മറ്റൊരു ഭൂമികയിലേക്ക് എത്തിച്ചേര്‍ന്നത്. ചെല്ലാര്‍കോവില്‍. പേരു കേട്ടാല്‍ തമിഴ് ചുവ തോന്നും. എങ്കിലും കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ് നാടിനോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമമാണ് അത്. ബസ് നിര്‍ത്തിയപ്പോഴേ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ സമീപിച്ചു. ഗൈഡ് ആണെന്ന് പിന്നീട് മനസ്സിലായി. അയാള്‍ ഞങ്ങളെ മുന്നില്‍ കണ്ട ഒരു ഇടവഴിയിലേക്ക് നയിച്ചു. ചെറിയ പടര്‍പ്പുകള്‍ നിറഞ്ഞ ഇടുക്കുവഴി. വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ടു നടക്കുവാന്‍. അല്‍പനേരത്തിനുശേഷം ഞങ്ങള്‍ ഈ യാ‍ത്രയിലെ വിസ്മയകരമായ ആ കാഴ്ചയിലേക്ക് നടന്നെത്തി. തമിഴ്നാട് ഇതാ ഞങ്ങളുടെ കണ്മുന്നില്‍ നിണ്ടു പരന്നു കിടക്കുന്നു. മഴക്കാറുകള്‍ കാഴ്ചയ്ക്ക് അല്പം തടസ്സമുണ്ടാക്കിയെങ്കിലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാ‍ലതകള്‍ ഞങ്ങളെ ആശ്ചര്യപ്പെടുത്തി. നൂറുകൊല്ലങ്ങള്‍ പഴക്കമുള്ള പുളിമരങ്ങള്‍ നിരയൊപ്പിച്ച് നില്‍ക്കുന്നത് കാണാം. ഞങ്ങളിപ്പോള്‍ സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 3000 അടിയോളം മുകളിലാണെന്ന് ഗൈഡ് പറഞ്ഞുതന്നു. ശക്തിയേറിയ കാറ്റ് എല്ലാവരിലും ഉന്മേഷമേകി. തണുത്ത കാറ്റാണ്. എവിടെയോ മഴ പെയ്തുകാണും. ഞങ്ങള്‍ ആ വിസ്മയത്തില്‍ മുങ്ങിനില്‍ക്കവേ മഴ പെയ്യാന്‍ തുടങ്ങി. മെല്ലെ തുടങ്ങിയ മഴ പെട്ടെന്ന് ശക്തിയായി പെയ്യാന്‍ തുടങ്ങി പകുതിയോളം പേരും നനഞ്ഞു. മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ ഗന്ധം പഴയകാലങ്ങളിലേക്കെവിടെയോ കൂട്ടിക്കൊണ്ടുപോയി. മഴയും മഞ്ഞും ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയാണ്. ഉണങ്ങി വരണ്ട് ഒരിറ്റു വെള്ളത്തിനായി കേഴുന്ന ഭൂമി കാണുമ്പോള്‍ ദൈവത്തിന്റെ മനസ്സലിഞ്ഞു പോയതായിരിക്കാം ഈ അപ്രതീക്ഷിത മഴയ്ക്കു പിന്നിലെ കാര്യം.

Friday, May 15, 2009

ദിവ്യബോധനം ക്ലാസ്സുകള്‍ ആരംഭിക്കുന്നു

യോര്‍ദ്ദാന്‍പുരം ഇടവകയില്‍ ഇദം പ്രഥമമായി ദിവ്യബോധനം ക്ലാസ്സുകള്‍ 2009 മെയ് 16 ശനിയാഴ്ച മുതല്‍ ആരംഭിക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടനം മെയ് 10 ഞായറാഴ്ച നടന്നു. മണപ്പുറത്ത് ശ്രീ. ജോണ്‍ വര്‍ക്കി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു

Thekkady Tour- Memoirs continnued
















കുമിളി പട്ടണത്തിന്റെ പ്രഭാതകാഴ്ച ചേതോഹരമായിരുന്നു. വൃത്തിയുള്ള നഗരം. നഗരത്തിലൂടെ നടക്കാന്‍ ലേഖകനായ എനിക്ക് സാധിച്ചു ഒപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഏറെ നേരത്തെ ഇരിപ്പിനുശേഷം നടക്കാന്‍ തുടങ്ങിയപ്പോള്‍ കാലുകള്‍ക്ക് ഒരു വലിച്ചില്‍ അനുഭവപ്പെട്ടു. എങ്കിലും നഗരക്കാഴ്ചകളിലൂടെയുള്ള നടത്തം ഉന്മേഷം പകര്‍ന്നു തരുന്നതായിരുന്നു. കുമിളി ബസ്റ്റാന്‍ഡിനരികെയുള്ള പഴക്കടയില്‍നിന്ന് ആപ്പിളുകള്‍ വാങ്ങുവാനായിരുന്നു ഞങ്ങള്‍ പുറപ്പെട്ടത്. നഗരത്തിലേക്ക് ഞങ്ങള്‍ക്കൊപ്പം വാച്ചപ്പച്ചന്‍ എന്ന് കുട്ടികള്‍ വിളിക്കുന്ന കുഞ്ഞുമോന്‍ അച്ചായനും വന്നു. സ്റ്റാന്‍ഡിനപ്പുറം തമിഴ് നാട്ടിലേക്കുള്ള പ്രവേശന കവാടം കണ്ടു. കുമിളി ചെക്ക് പോസ്റ്റ്. വാഹനങ്ങളുടെ നീണ്ട നിര തങ്ങളുടെ ഊഴം കാത്തുകിടക്കുന്നതു കാണാം. പഴങ്ങള്‍ വാങ്ങി ഞാനും സുഹൃത്തും തിരികെ ബസിനരികിലേക്ക് നടന്നു. അവിടുന്ന് ഏതാണ്ട് 250 മീറ്റര്‍ ദൂരം നടക്കണം ബസിനരികിലേക്ക്. ഞങ്ങള്‍ ബസില്‍ കയറി എല്ലാവരുടെയും എണ്ണം എടുക്കുന്ന സമയം ആരോ വിളിച്ചുപറഞ്ഞു വാച്ചപ്പച്ചന്‍ കയറിയിട്ടില്ലായെന്ന്. ബസ് നിര്‍ത്തി ഞാനും സുഹൃത്തും തിരികെ വന്നദിശ ലക്ഷ്യമാക്കി ഓടി. ഞങ്ങള്‍ രണ്ടു വഴിക്ക് അന്വേഷണം നടത്തി. ഒടുവില്‍ ദൂരെനിന്നും പതുക്കെ പതുക്കെ നടന്നെത്തുന്ന വാച്ചപ്പച്ചനെ ഞാന്‍ കണ്ടെത്തി. തിരികെ ബസ് നിന്ന സ്ഥലത്തേക്ക് ഞങ്ങള്‍ എത്തി അപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ ബസ് നിര്‍ത്തിയത് തേക്കടി പള്ളിക്കു മുമ്പില്‍ തന്നെയാണെന്ന്. എല്ലാവരും ബസില്‍ നിന്നിറങ്ങിക്കഴിഞ്ഞിരുന്നു. അവിടെ ഞങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അച്ചനും കൊച്ചമ്മയും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു. പ്രഭാതഭക്ഷണം അവര്‍തന്നെയാണ് തയ്യാറാക്കിയതെന്ന് അറിഞ്ഞപ്പോള്‍ അല്പം പ്രയാസം തോന്നി. ഇത്രയും പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാനായി അവര്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നു തീര്‍ച്ച. ഭക്ഷണം കഴിച്ചുതീരുന്നതിനുമുന്നേ എനിക്കും സുഹൃത്തിനും തേക്കടി ബോട്ട് ലാന്റിംഗിലേക്ക് പോകേണ്ടിവന്നു. ആ ഇടവകയിലെ ഒരു ആന്റി പള്ളിയില്‍ വന്നിട്ടുണ്ടായിരുന്നു. അച്ചന്‍ വിളിച്ചുവരുത്തിയതാണ്. ആന്റി അവിടെ ഫോറസ്റ്റ് സര്‍വ്വീസില്‍ ജോലിയുള്ളതാണ്. ഞങ്ങള്‍ ഒരു ഓട്ടോയില്‍ ലാന്റിംഗിലേക്ക് പോയി. വീഥിക്കിരുവശവും ഇടതിങ്ങി വളരുന്ന പച്ചമുളംകാടുകള്‍ കണ്ടു. കാട്ടില്‍കൂടി പോകുന്ന അനുഭവം. ഒരു എയര്‍കണ്ടീഷന്‍ഡ് ചെയ്ത അന്തരീക്ഷമാണ് അതുവഴി യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെട്ടത്. പാതയോരം വൃത്തിയാക്കുന്ന ജോലിക്കാരെ കണ്ടു. അതുകൊണ്ട് റോഡ് നല്ല മനോഹരമായി തോന്നി. വന്‍കിട ഹോട്ടലുകളുടെ നിരതന്നെ കാണാം ഇരുവശവും. അവയൊക്കെയും അവിടുത്തെ പ്രകൃതിയോടു ചേര്‍ന്നുനില്ക്കുന്ന നിര്‍മ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്കുള്ള എന്‍ട്രി ഗേറ്റ് കണ്ടു. ആന്റി ഒപ്പമുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് പാസ്സ് എടുക്കേണ്ടിവന്നില്ല. എതിരേ വാഹനങ്ങളുടെ നീണ്ടനിര. 7 മണിയുടെ ബോട്ട് തിരികെ എത്തിയതാണെന്ന് ആന്റി പറഞ്ഞു. ഇപ്പോള്‍ സമയം 9 ആയതുകൊണ്ട് ഇനി ഞങ്ങള്‍ക്ക് ബോട്ട് കിട്ടാന്‍ പ്രയാസമാണെന്നു ആന്റി പറഞ്ഞപ്പോള്‍ ഞങ്ങള്‍ തെല്ല് നിരാശയിലായി. കാരണം രാവിലെ ബോട്ടിങ് നടത്തണമെന്നു കരുതിയാണല്ലോ ഞങ്ങള്‍ യാത്രതിരിച്ചത്. ഇടയ്ക്ക് വഴി മാറി സഞ്ചരിക്കേണ്ടിവന്നതും മറ്റും സമയം കൂടുതല്‍ നഷ്ടപ്പെടുത്തി. ഞങ്ങള്‍ ബോട്ടിങ് ടിക്കറ്റ് കൌണ്ടറില്‍ എത്തി. സഞ്ചാരികളുടെ തിരക്ക് ഇന്ന്‍ നന്നേ കുറവാണെന്ന് ആന്റി ഇടയ്ക്കു പറഞ്ഞിരുന്നെങ്കിലും ബോട്ടിംഗിനായി ധാരാളം പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു അവിടെ. ഞങ്ങള്‍ ചെല്ലുമ്പോഴേക്കും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. ആന്റി ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷേ മുഖഭാവത്തില്‍നിന്നും ഞങ്ങള്‍ക്ക് വായിച്ചെടുക്കാമായിരുന്നു ഇപ്പോഴത്തെ ബോട്ടിങ് മിസ് ആയെന്ന്. ആന്റി തിരിച്ചുവന്നു ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ടിക്കറ്റ് ശരിയാക്കി വെച്ചിരുന്നേനേ. തലേദിവസമെങ്കിലും പറയണം. ഇപ്പോള്‍ ഇവിടുത്തെ ചീഫ് ഫോറസ്റ്റര്‍ മീറ്റിങിലാണ്. അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ കാര്യം നടന്നേനേ. ഇപ്പോള്‍ മീറ്റിങ്ങിനിടയില്‍ കയറിച്ചെല്ലുന്നത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് 10 മണി കഴിഞ്ഞ് ക്യൂവിന്റെ ആദ്യംതന്നെ സ്ഥാനം പിടിച്ചാല്‍ 11ന്റെ ബോട്ടിങ്ങിന് ടിക്കറ്റ് കിട്ടും. ഞങ്ങള്‍ തെല്ലു നിരാശപ്പെട്ടെങ്കിലും ഞങ്ങള്‍ തിരികെ പള്ളിയിലേക്ക് മടങ്ങി. എല്ലാ‍വരും പള്ളിയില്‍ അവിടുത്തെ വിശേഷങ്ങള്‍ അച്ചന്‍ പറയുന്നത് കേട്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്ന് സ്റ്റീഫനച്ചനെ വിളിച്ച് കാര്യം പറഞ്ഞു. എത്രയും വേഗം പോയെങ്കിലേ അടുത്ത ബോട്ടെങ്കിലും നമുക്ക് കിട്ടുകയുള്ളുവെന്ന് ഞങ്ങള്‍ പറഞ്ഞു. എല്ലാവരും വേഗം റെഡിയായി അച്ചനോടും കൊച്ചമ്മയോടും യാത്രപറഞ്ഞ് തിരികെ ബസില്‍ കയറി. പെരിയാര്‍ കടുവ സങ്കേതത്തിന്റെ കവാടത്തിലെത്തി. ആന്റി നേരത്തെ ഞങ്ങളെ ഒരു ഫോറസ്റ്ററെ പരിചയപ്പെടുത്തി തന്നിരുന്നു. സാബു എന്ന ആ ഫോറസ്റ്ററെ ഞങ്ങള്‍ കണ്ടെത്തി കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴാണ് ഒരു പ്രശ്നം സംഭവിച്ചത്. ബസിനുള്ളിലെ എല്ലാവരുടെയും ലിസ്റ്റ് അവിടെ വേണം, അതും ലെറ്റര്‍പാഡില്‍. ഇനി എന്തു ചെയ്യും? സമയമാണെങ്കില്‍ 10.25 ആയി ഒടുവില്‍ ഞങ്ങള്‍ ഓട്ടോ പിടിച്ച് പള്ളിയിലെത്തി. അച്ചന്‍ അവിടെ ലെറ്റര്‍പാഡ് തയ്യാറാക്കിവെച്ചിരുന്നു. അതും എടുത്ത് അതിവേഗം ചെക്ക് പോസ്റ്റിലെത്തി. പണം അടച്ച് ബോട്ട് ലാന്റിംഗിലേക്ക് പോയി. ബസ് പാര്‍ക്ക് ചെയ്തിട്ട് ടിക്കറ്റ് കൌണ്ടര്‍ വരെ നടന്നുചെല്ലുവാന്‍ കുറേ സമയം എടുത്തു. 10.45 ആയപ്പോഴാണ് ഞങ്ങള്‍ക്ക് അവിടെ എത്താനായത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ടിക്കറ്റ് ക്ലോസ് ആക്കിയെന്ന ബോര്‍ഡാണ് ഞങ്ങളെ വരവേറ്റത്. ഞങ്ങള്‍ 20 പേരെ ക്യൂ നില്‍ക്കാനായി അടുപ്പിച്ചെങ്കിലും രണ്ടോ മൂന്നോ ടിക്കറ്റ് മാത്രമേ അവിടെ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇനി രണ്ടുമണിക്ക് മാത്രമേ അടുത്ത ബോട്ട് ഉള്ളൂ. പൊതുവേ എല്ലാവരും നിരാശരായിരുന്നു. ചിലര്‍ 2 മണി വരെ കാത്തിരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ തുടന്നുള്ള എല്ലാ പരിപാടിയും താളം തെറ്റുമെന്നതാണ് കാര്യം. അതുകൊണ്ട് എല്ലാവരും അല്പസമയം അവിടെ കറങ്ങി കാഴ്ചകള്‍ കണ്ടുകൊള്ളാന്‍ അച്ചന്‍ അനുമതി നല്‍കി. ഞങ്ങള്‍ പലസംഘങ്ങളായി ചിതറി. ചിലര്‍ ആരണ്യനിവാസ് ഹോട്ടലിലേക്കുള്ള വഴിയേ പോയി. മറ്റു ചിലര്‍ കുതിരകള്‍ നില്‍ക്കുന്ന സ്ഥലത്തേക്കും പോയി. 12 മണിയോടെ എല്ലാവരും തിരിച്ചെത്തി. ആയിരം രൂപയോളം മുടക്കിയിട്ട് ഈ പാര്‍ക്കില്‍ വന്നിരിക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു. അതിന്റെ വിഷമത്തിലായിരുന്നു തുടന്നുള്ള യാത്ര. ഞങ്ങളുടെ അടുത്ത ലക്ഷ്യം ഗത് സമെന അരമനയായിരുന്നു. ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങള്‍ അരമനയിലെത്തിച്ചേര്‍ന്നു. കാലം ചെയ്ത ഔഗേന്‍ തിരുമേനി പണിയിപ്പിച്ച ഭദ്രാസന അരമന രൂ‍പഭംഗികൊണ്ട് പ്രൌഡഗംഭീരമായിരുന്നു. അരമന പള്ളിയും പരിസരവും മലമുകളിലെ വിളക്കുപോലെ പ്രകാശിതമായിരുന്നു. ഞങ്ങള്‍ക്ക് അവിടെയും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പള്ളിയിലേക്ക് ഞങ്ങള്‍ പോയി. അവിടെ ഔഗേന്‍ തിരുമേനി ഉപയോഗിച്ച സാധങ്ങള്‍ സൂക്ഷിച്ച മുറിയില്‍ പ്രാര്‍ത്ഥന നടത്തിയിട്ട് ഞങ്ങള്‍ പള്ളിയില്‍ കയറി. സെമിനാരി വിദ്യാര്‍ത്ഥികള്‍ നാലഞ്ചു പേരുണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഇടുക്കി ഭദ്രാസനത്തെക്കുറിച്ചും ഒഔഗേന്‍ തിരുമേനിയെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നു. സമയം 1 മണി കഴിഞ്ഞു. എല്ലാവരും വിശപ്പിന്റെ വിളിയിലായി. അതുകൊണ്ടാവാം ഞങ്ങളെ പെട്ടെന്നുതന്നെ അവര്‍ ഭക്ഷണത്തിനായി ക്ഷണിച്ചു. ഞങ്ങള്‍ അനുസരണയോടെ അവര്‍ക്കു പിന്നാലെ അരമനയുടെ സല്‍ക്കാരമുറിയിലേക്ക് നടന്നു. നല്ല ഭക്ഷണം സ്നേഹത്തോടെ അവര്‍ വിളമ്പിത്തന്നപ്പോള്‍ രുചിയേറി. ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും അരമനയും പരിസരവും നോക്കിക്കണ്ടു. കൃഷിപ്പണികള്‍ അവര്‍ തന്നെ ചെയ്യുന്നു. വിവിധങ്ങളായ ധാരാളം വിളകള്‍ അവിടെ ചെയ്യുന്നുണ്ട് അവര്‍. കൂടാതെ ആടുവളര്‍ത്തലും ആദായകരമായി നടത്തിപ്പോരുന്നു. ഒരു വൈദികന്റെ കര്‍മ്മമേഖല പാകപ്പെടുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ജീവിതത്തിന്റെ വര്‍ണ-വിസ്മയകരമാ‍യ സൌഭാഗ്യങ്ങളല്ല്ല ഇവരെ കാത്തിരിക്കുന്നത്. ഏകാന്തവും കടുത്തതുമായ പരുക്കന്‍ യാഥാര്‍ഥ്യങ്ങളാണ് ആ വഴിത്താരകളില്‍ അവര്‍ക്കായി ദൈവം ഒരുക്കുന്നത്. സ്വര്‍ഗ്ഗരാജ്യത്തിന്റെ ശ്രേഷ്ഠകരമായ അനുഭവങ്ങളിലേക്കുള്ള വഴി കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ദൃഷ്ടാന്തങ്ങള്‍. അവരുടെ സ്നേഹസമ്പൂര്‍ണ്ണമായ ഉപചാരങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ അടുത്ത ലക്ഷ്യസ്ഥാനമായ പുറ്റടി പള്ളിയിലേക്ക് യാത്രയായി. (continnued...)

Thursday, May 14, 2009

Thekkay Tour Programme - Memoirs


2009 മെയ് മാസം ആറാം തീയതി വെളുപ്പിനെ 4 മണിയോടെയായിരുന്നു, ഞങ്ങള്‍, യോര്‍ദ്ദാന്‍പുരത്തെ മക്കള്‍, തേക്കടി- രാമക്കല്‍മേട് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. ഞങ്ങള്‍ 57 പേരായിരുന്നു യാത്രാ സംഘത്തില്‍. പറഞ്ഞ സമയത്തിനു മുന്‍പേ എല്ലാ‍വരും ഉത്സാഹത്തോടെതന്നെ എത്തിച്ചേര്‍ന്നു പറ്റിയ ഇരിപ്പിടങ്ങള്‍ കരസ്ഥമാക്കി. ഉല്ലാസപൂര്‍ണമായ ഒരു യാത്രയ്ക്ക് തങ്ങള്‍ തയ്യാറായി എന്നു ഓരോരുത്തരുടെയും മുഖഭാവം വിളിച്ചോതിയിരുന്നു. കുട്ടികളെക്കാളധികവും മുതിര്‍ന്നവരായിരുന്നു സംഘത്തില്‍. എന്നാലും വണ്ടി നീങ്ങിത്തുടങ്ങിയതോടെ എല്ലാവരും പ്രായം മറന്ന് ആവേശത്തിലായി. ചെങ്ങന്നൂര്‍, കോഴഞ്ചേരി, റാന്നി വഴി എരുമേലിയെത്തിയപ്പോള്‍ സമയം അഞ്ചര. ഞങ്ങളുടെ വണ്ടി മെല്ലെ സൈഡിലേക്ക് ഒതുങ്ങി നിന്നു. കാപ്പികുടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപ്നാ അപ്നാ കാപ്പി കുടിക്കാമെന്ന് അച്ചന്റെ അറിയിപ്പ്. കേട്ടപാടെ എല്ലാവരും എന്നാല്‍ അങ്ങനെയാകട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് ബസിനു പുറത്തേക്കിറങ്ങി. നേരം വെളുക്കാന്‍ ഇനിയും അര മണിക്കുര്‍ കാണും. എരുമേലി ജംഗ്ഷനില്‍ തുറന്നുവെച്ച ഒരു തട്ടുകട ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ഓരോരുത്തര്‍ക്കും ആവശ്യമായത് അവിടെ ഉണ്ടായിരുന്നതുകൊണ്ട് വല്യ പ്രശ്നമുണ്ടായില്ല. കട്ടന് കട്ടന്‍, പാല്‍ കാപ്പിക്ക് പാല്‍കാപ്പി, ചായക്ക് ചായ. അങ്ങനെ എല്ലാം അവിടെ കിട്ടുമായിരുന്നു. കുറേപ്പേര്‍ ടോയ് ലറ്റുകള്‍ തേടിപ്പോയി. പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന സ്ഥലത്താണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. മതസൌഹാര്‍ദ്ദത്തിന് തെളിവായി മുസ്ലീം പള്ളിയും ഹിന്ദു ക്ഷേത്രവും മുഖത്തോടു മുഖം നോക്കിനില്‍ക്കുന്ന ഒരു മുക്കവലയാണ് അത്. ഇടത്തേക്ക് പോയാല്‍ കോട്ടയം, വലത്തേക്ക് പോയാല്‍ മുണ്ടക്കയം. ഞങ്ങള്‍ക്ക് വലത്തേക്കാണ് പോകേണ്ടത്. അഞ്ചേമുക്കാലോടെ ഞങ്ങള്‍ എരുമേലിയോട് വിടപറഞ്ഞു. ശബരിമല പാതയിലൂടെയാണ് വണ്ടി ഇപ്പോള്‍ ഓടുന്നത്. വഴിയുടെ ഇരുവശവും റബര്‍ മരങ്ങള്‍ കാണപ്പെട്ടു. റോഡ് വിജനമാണ്. ഇടക്കിടെ തോട്ടം തൊഴിലാളികളെ കാണാം. മഞ്ഞ് കാര്യമായി ഇല്ല. അതുകൊണ്ട് ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വണ്ടി ഓടിക്കാം. അല്ലായിരുന്നെങ്കില്‍ യാത്ര കൂടുതല്‍ ദുഷ്കരമായേനേ. എന്നിട്ടും ഞങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടു നേരിട്ടു. എതിരേ വന്ന ഒരു മിനിലോറി ഡ്രൈവര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പു തന്നു, ഇതിലേ ഇനി ബസ് പോകില്ല, അവിടെ ചെറിയ ഒരു ആക്സിഡന്റ് നടന്നിട്ടുണ്ട് എന്ന്. തിരിഞ്ഞുപോകുവാനുള്ള എളുപ്പവഴിയും അയാള്‍ പറഞ്ഞുതന്നു. ബസ് പുറകിലേക്ക് ഓടിച്ച് വേറേ വഴിയായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അധികം മുന്നോട്ടു പോകുന്നതിനു മുമ്പേ അറിഞ്ഞതുകൊണ്ട് കാര്യമായി. അല്ലായിരുന്നെങ്കില്‍ കൂടുതല്‍ നേരം റിവേഴ്സ് എടുക്കേണ്ടി വന്നേനേ. അതും ദൈവത്തിന്റെ കൃപ. അച്ചന്‍ കൂടെയുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ടെന്‍ഷനില്ലായിരുന്നു എന്നുവേണം പറയാന്‍. കാരണം ഞങ്ങളെ ഒന്നിച്ച് നയിക്കാനുള്ള ഒരു ശക്തിസ്രോതസാണ് പ്രീയപ്പെട്ട സ്റ്റീഫനച്ചന്‍. അച്ചന്റെ ശക്തമായ നേതൃത്വപാടവം ഒന്നുകൊണ്ടു മാ‍ത്രമാണ് ഇത്തരത്തില്‍ ഞങ്ങള്‍ക്ക് വിനോദയാത്രകള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നത്. അച്ചന് നന്ദിയുടെ പൂച്ചെണ്ടുകള്‍. ഇപ്പോള്‍ ഞങ്ങള്‍ പോകുന്ന വഴി ഇടുങ്ങിയ ഗ്രാമപാതയാണ്. ഒരു ബസിനു മാത്രം പോകാവുന്ന ടാറിംഗ്. ഏതാണ്ട് 20 മിനിറ്റു നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ വിശാലമായ മറ്റൊരു പാതയിലേക്ക് കയറി. അപ്പോഴേക്കും നേരം നന്നേ വെളുത്തിരുന്നു. വണ്ടിയില്‍ കുട്ടികളുടെ ആരവം കേട്ട് വഴിയാത്രക്കാര്‍ കൌതുകപൂര്‍വം നോക്കുന്നു. ബസിനുള്ളില്‍ ഏറ്റവും പിന്‍പില്‍ കൌമാരക്കാര്‍ പാട്ടിനൊപ്പിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കുന്നു. കുഞ്ഞുപിള്ളേര്‍ കൈകൊട്ടി പാടി അവരുടെ ലോകത്ത് ഉല്ലസിക്കുന്നു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് ശക്തിയായി വീശിക്കൊണ്ടിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കാഴ്ചയിലേക്ക് വന്നു. ഇവിടുത്തെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഈയിടെ മണിമലയാറില്‍ മുങ്ങിമരിച്ചത്. ഏതോ ഭാഗ്യക്കേടാണെന്നു തോന്നുന്നു, വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഇവിടെ അപകടത്തില്‍ മരിക്കുന്നു. കുന്നിന്‍മുകളില്‍ ഒരു ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ മനോഹരമായാണ് കോളേജ് നില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളിയും പിന്നിട്ട് ബസ് മുമ്പോട്ടു പൊയ്ക്കൊണ്ടിരുന്നു. ബസിനുള്ളില്‍ ഒരു ബഹളം കേട്ടു. എന്താണെന്നോ ആരോ പലഹാരപ്പൊതി തുറന്നതാ‍യിരുന്നു. നല്ല തൂവെള്ള വട്ടയപ്പം, അതിനു പിന്നാലെ വിഭവങ്ങള്‍ ഓരോന്നായി എത്തിത്തുടങ്ങി. തേക്കടി എത്തുന്നതിനുമുന്‍പേ ചെറിയൊരു ബ്രേക്ക്ഫാസ്റ്റ്. ഞങ്ങള്‍ക്ക് ഇനി തേക്കടി പള്ളിയിലാണു സ്റ്റേ. അവിടെ പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അച്ചന്‍ പറഞ്ഞു. മഞ്ഞു പുതഞ്ഞ താഴ് വരകള്‍ ദൃശ്യമായി തുടങ്ങി. കുട്ടികള്‍ ആരവത്തോടെ ഇടത്തേക്ക് തിരിഞ്ഞു. ഒരു പാത്രത്തില്‍ നിറയെ വെളുത്ത പത നിറച്ചുവച്ചതുപോലെ തോന്നി താഴ് വരയിലെ കാഴ്ച. കണ്‍കുളിര്‍ക്കെ ആ മനോഹാരിത എല്ലാവരും ആസ്വദിച്ചു. മൊബൈല്‍ ക്യാമറകളും ഡിജിറ്റല്‍ ക്യാമറകളും ആ ചാരുത ഒപ്പിയെടുത്തുകൊണ്ടിരുന്നു. കുട്ടിക്കാനത്ത് പതിവുള്ള തണുപ്പ് ഇല്ലായിരുന്നു. ഹൈറേഞ്ചിലെ ഏറ്റവും തണുപ്പുകൂടിയ മേഖലയെന്നാണ് ഇവിടം അറിയപ്പെടുന്നത്. പക്ഷേ ഇത് മെയ് മാസം ആയതുകൊണ്ടാവാം പ്രതീക്ഷിച്ചത്ര തണുപ്പ് ഇല്ലാതെ പോയത്. കുട്ടിക്കാനം മരിയന്‍ കോളേജ് ഇപ്പോള്‍ കാ‍ണാം. മലമുകളിലെ വിദ്യാപീഠങ്ങള്‍ക്ക് ഒരു പ്രത്യേകതയാണ്. കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് വരയ്ക്കുന്ന ഒരു അപൂര്‍വ്വ കലാസൃഷ്ടി എന്നുതന്നെ പറയാം ഈ സൌധങ്ങള്‍ക്ക്. ഇവിടെ പഠിച്ചിറങ്ങുന്നവരെല്ലാം നല്ല ഹൃദയമുള്ള, നല്ല ചിന്താശക്തിയുള്ള കുട്ടികള്‍ ആയിരിക്കും, തീര്‍ച്ച. കാരണം ഇവിടെ മനുഷ്യര്‍ക്ക് അഹംഭാവം എന്നൊരു കാര്യമേ ചിന്തിക്കാനാവില്ല. കടലും മലയും എന്നും മനുഷ്യമനസ്സിനെ അമ്പരപ്പിക്കുന്ന ദൈവസൃഷ്ടികളാണ്. ഇതിന്റെ മുമ്പില്‍ മാത്രം മനുഷ്യര്‍ക്ക് അഹങ്കരിക്കാനാവില്ല. ഞാന്‍ എത്രയോ ചെറുതാണെന്ന് ബോദ്ധ്യം വരുത്തുവാന്‍ ഇവയ്ക്ക് കഴിയും. അപ്പോള്‍ മനസ്സിലെ അഹന്തകള്‍ താനേ കെട്ടടങ്ങും. സഹജീവികളെ സ്നേഹിക്കുവാനുള്ള മനസ്സ് അല്പം കൂടുതല്‍ ഉള്ളത് നമ്മള്‍ മലമൂട്ടുകാര്‍ എന്നു വിശേഷിപ്പിക്കുന്ന ഇവര്‍ക്കാണെന്നുള്ളത് ഇതിനോടു ചേര്‍ത്ത് വായിക്കാം. കുമളി ടൌണ്‍ അടുക്കാറായി. ചാരുതയാര്‍ന്ന കാഴ്ചകള്‍ ഇരുവശങ്ങളിലും. നീരൊഴുക്കു നന്നേ കുറഞ്ഞ ചോലകള്‍, തേയിലക്കാടുകള്‍, ഏലക്കാടുകള്‍. കാറ്റിനൊരു പ്രത്യേക സുഗന്ധം തോന്നി. സമയം എട്ടേ മുക്കാല്‍. തേക്കടിയുടെ കവാടമായ കുമളി എത്തി. പ്രഭാതസൂര്യന്‍ തണുപ്പിനെ മുറിച്ച് നഗരത്തിനുമീതേ അലസമായി നോക്കിനിന്നു. ഞങ്ങളുടെ വാഹനം തിരക്കൊഴിഞ്ഞ വീഥിക്ക് ഓരം ചേര്‍ത്ത് നിര്‍ത്തി. കടകള്‍ അധികവും തുറന്നിട്ടില്ല. സുഗന്ധവ്യജ്ഞനങ്ങളുടെ നഗരമെന്നു നമുക്ക് ഇവിടെ മണത്തറിയാം. (continnued.....)

Saturday, May 2, 2009

ഓ.വി.ബി.എസ്. സമാപിച്ചു.

































ഈ വര്‍ഷത്തെ ഓ.വി.ബി.എസ്. 2009 ഏപ്രില്‍ 26 ഞായറാഴ്ച സമാപിച്ചു. രാവിലെ വി.കുര്‍ബാനയ്ക്കു ശേഷം കുഞ്ഞുങ്ങള്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഭക്ഷണത്തിനുശേഷം ഒ.വി.ബി.എസ്. റാലി പള്ളിയില്‍നിന്ന് ആരംഭിച്ചു. മേടപ്പടി ജംഗ്ഷനില്‍നിന്ന് പടിഞ്ഞാറേക്ക് തിരിഞ്ഞ് മിത്രമഠം ജംഗ്ഷനിലെത്തി തിരികെ കുമ്മണ്ണൂര്‍ പടി വഴി അകത്തേക്ക് തിരിഞ്ഞ് പ്ലാമൂട്ടില്‍ പടിക്കല്‍ നിന്ന് ദേവാലയത്തിലേക്ക് മടങ്ങിയെത്തി. ഒരുക്കങ്ങള്‍ക്കായി അല്പം ഇടവേള. ഉച്ചഭക്ഷണത്തിനുശേഷം സമാപന സമ്മേളനം ആരംഭിച്ചു. ഫാ.സ്റ്റീഫന്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ശ്രീ. സജി പട്ടരുമഠം ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ കലാപരിപാടികളും അരങ്ങേറി. വേദവാക്യം മന:പാഠം, പാട്ട്, ഡാന്‍സ്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ കടന്നുവന്ന ഏവര്‍ക്കും ആസ്വാദ്യകരമായിരുന്നു. ഒ.വി.ബി.സ് റിപ്പോര്‍ട്ട് കണ്‍ വീനര്‍ ശ്രീമതി ലാലി വര്‍ഗീസ് അവതരിപ്പിച്ചു. പുവര്‍ ഫണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്റര്‍ മീഡിയറ്റ് എ ക്ലാസ്സിന് ട്രോഫി ലഭിച്ചു. ഈ വര്‍ഷത്തെ ഓ.വി.ബി.എസ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വിജയമായിരുന്നു. ഇതിനായി അദ്ധ്വാനിച്ച ഏവര്‍ക്കും ഇടവകയുടെ നന്ദി അറിയിക്കുന്നു. സാമ്പത്തികമായി സഹകരിച്ച ഏവരോടുമുള്ള നന്ദിയും അറിയിക്കുന്നു.