Monday, December 15, 2008

മലങ്കരയുടെ മഹാസമ്മേളനം














2008 നവംബര്‍ മാസം പതിനാറാം തീയതി കോട്ടയം പട്ടണം ഉറക്കമുണര്‍ന്നത് ഒരു ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായിട്ടായിരുന്നു. ഞായറാഴ്ചയുടെ പതിവു ആലസ്യത്തില്‍ മയങ്ങിക്കിടക്കാന്‍ അന്ന് നഗരത്തിനാകുമായിരുന്നില്ല. കാരണം, മലങ്കരയുടെ മക്കള്‍ തങ്ങളുടെ സത്തയും തനിമയും ആരുടെ മുന്നിലും അടിയറ വയ്ക്കുവാന്‍ ആകില്ലെന്ന് ഉച്ചൈസ്തരം ഘോഷിച്ച് ആര്‍ത്തിരമ്പി എത്തുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുന്നത്. കാതോലിക്കോസ് ജയിക്കട്ടെ! മാര്‍ത്തോമ്മായുടെ സിംഹാസനം നീണാള്‍ വാഴട്ടെ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞുകൊണ്ട് ഒഴുകിനീങ്ങിയ ഒരു ലക്ഷത്തിലധികം മലങ്കരസഭാ മക്കള്‍ ചരിത്രമുറങ്ങുന്ന കോട്ടയത്ത് സംഘശക്തിയുടെ പുതിയ ചരിത്രമാണ് കുറിച്ചത്. വൈകുന്നേരം മൂന്നരയോടെ നാഗമ്പടം മൈതാനത്തുനിന്ന് അഭിവന്ദ്യ പിതാക്കന്മാര്‍ നേതൃത്വം നല്‍കിയ വിശ്വാസസംരക്ഷണ റാലി നാലുമണിക്ക് കോട്ടയം ബസേലിയോസ് കോളേജ് മൈതാനത്തെ സെന്റ് തോമസ് നഗറിലെത്തിച്ചേര്‍ന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയെ പുഷ്പാലങ്കൃതമായ വാഹനത്തില്‍ പ്രധാന വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് സമ്മേളനം ആരംഭിച്ചു. സഭാ‍ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് നടത്തിയ പ്രസംഗം കടന്നെത്തിയെ ജനലക്ഷങ്ങളെ ആവേശത്തിരയിലാഴ്ത്തി. അദ്ദേഹത്തിന്റെ ഓരോ വാക്കിനും അകമ്പടിയായി
പീത പതാകകള്‍ വാനില്‍ പറന്നുകളിക്കുന്നുണ്ടായിരുന്നു. തൃക്കുന്നത്ത് സെമിനാരിയില്‍ അതിക്രമിച്ചു കയറിയാ‍ല്‍ ഇങ്ങ് മഞ്ഞനിക്കരയില്‍ കാതോലിക്കാ പതാക പാറുമെന്ന പ്രഖ്യാപനം ആര്‍പ്പോടെയാ‍ണ് മലങ്കരമക്കള്‍ ഏറ്റുവാങ്ങിയത്. സഭയുടെ വിശ്വാസ സംരക്ഷണത്തിനായി ജീവന്‍ ത്യജിക്കുവാനും തയ്യാ‍റാണെന്ന പ്രതിജ്ഞ ഏവരും കൈകള്‍ കോര്‍ത്തുപിടിച്ച് ഏറ്റുചൊല്ലിയതോടെ ആവേശം അണപൊട്ടി. പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പ്രതീകമായി 12 കതിനകള്‍ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു. അതോടെ ആവേശഭരിതരായ യുവാക്കളുള്‍പ്പടെയുള്ള ജനതതി വാദ്യമേളങ്ങളുടെ അകമ്പടിയൊപ്പിച്ച് ആനന്ദനൃത്തം ചവിട്ടി. ആറുമണിയായപ്പോഴാണ് വിശ്വാസ സംരക്ഷണ പ്രതിജ്ഞ വിശ്വാസികള്‍ ഏറ്റുചൊല്ലിയത്. അപ്പോഴും റാലിയുടെ അവസാനനിര നാഗമ്പടത്തുനിന്ന് ചലിച്ചുതുടങ്ങിയിരുന്നില്ല. ഇടയനാല്‍ അച്ചന്റെ പ്രസംഗം കരഘോഷങ്ങളോടെയാണ് പതിനായിരങ്ങള്‍ ഏറ്റുവാങ്ങിയത്. നീതിപീഠത്തിന്റെ വിധികളെ മറികടന്ന് തങ്ങളുടെ കയ്യില്‍ രേഖയുണ്ട് എന്നു പറഞ്ഞുനടക്കുന്നവര്‍ ആ രേഖ മനുഷ്യരായി പിറന്ന എല്ലാവര്‍ക്കും ദൈവം വരച്ചുവിട്ട “കൈരേഖ” മാത്രമാണെന്നു തിരിച്ചറിയണമെന്നു അച്ചന്‍ പരിഹാസ്യരൂപേണ പറഞ്ഞപ്പോള്‍ ജനം ആര്‍ത്തുവിളിച്ചു. നിയമം ഞങ്ങള്‍ക്കു ബാധകമല്ല എന്നാണ് അവര്‍ പറയുന്നത്. നമുക്കറിയാം നിയമവ്യവസ്ഥകളെക്കുറിച്ചു പഠിപ്പിക്കുന്നത് ഒമ്പതാം ക്ലാസ്സിലാണ് എന്ന് അച്ചന്‍ പറഞ്ഞുവച്ചപ്പോള്‍ ചിരിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല അവിടെ. ഒടുവില്‍ ഞാന്‍ പ്രസംഗം ഉപസംഹരിക്കട്ടെ എന്നു പറഞ്ഞപ്പോള്‍ സദസ്സില്‍നിന്നും അച്ചോ നിര്‍ത്തരുതേ എന്ന് വിശ്വാസികള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. പക്ഷേ അച്ചനു പ്രസംഗം നിര്‍ത്താതിരിക്കുവാന്‍ സാധിച്ചില്ല, കാരണം ഇനിയും പ്രസംഗങ്ങള്‍ ബാക്കിയാണ്.ഒടുവില്‍ ഇരുള്‍ പരക്കവേ വൈദ്യുതദീപങ്ങള്‍ മിഴിതുറന്നു.കോട്ടയം ബസേലിയോസ് കോളേജ് അങ്കണത്തില്‍ മലങ്കരയുടെ പിതാക്കന്മാര്‍ തന്റെ ആട്ടിന്‍ കൂട്ടത്തിന്റെ നടുവില്‍ തേജസ്സോടെ വിളങ്ങിനിന്നു. ദൂരെ വാനില്‍ പുതിയ ശോഭയോടെ ഒരു താരകം തെളിഞ്ഞുമിന്നുന്നതു കാണാമായിരുന്നു.

Tuesday, July 22, 2008

ചെങ്ങന്നൂര്‍ ഭദ്രാസനം - ഹരിത പദ്ധതി ഉദ്ഘാടനം

ചെങ്ങന്നുര്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തില്‍ 2008 ജുലൈ മാസം 20ന് ഹരിതപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. കൃഷിയും കര്‍ഷകനും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മലങ്കര ഓര്‍ത്തഡോക്സ് യുവജനങ്ങളെ കാര്‍ഷികവൃത്തിയുടെ മഹത്വം എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുവാനായി ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി. തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി ആവിഷ്കരിച്ച പദ്ധതിയാണ് ഹരിത. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരുമേനിയുടെ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം വളരെ പ്രശസ്തമാണ്. സഭാമക്കളെയും അതിലുപരി മണ്ണിനെയും സ്നേഹിക്കുന്ന ഒരു തിരുമേനിയാണ് ഞങ്ങള്‍ക്കുള്ളതെന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. പൌരോഹിത്യത്തിന്റെ ഉന്നത പടവുകള്‍ കയറുമ്പോഴും സഭ കല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഓരോന്നും ഏല്‍ക്കുമ്പോഴും തന്റെ ഭദ്രാസന ആസ്ഥാനത്തെ ഓരോ പുല്‍ക്കൊടിയെയും തിരിച്ചറിയുന്ന രീതിയിലുള്ള ബന്ധം തിരുമേനി കാത്തുസൂക്ഷിക്കുമായിരുന്നു. അതിന്റെ തെളീവാണ് ഇന്ന് ബഥേല്‍ അരമന വളപ്പില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. തോളൊപ്പം മുട്ടിനില്‍ക്കുന്ന മാമ്പഴങ്ങള്‍, വെണ്ടയും, മത്തയും, വാഴയും മീന്‍കുളവും അങ്ങനെ മണ്ണിന്റെ മനസ്സറിഞ്ഞ് കൃഷിയെ സ്നേഹിക്കുന്ന തിരുമേനി തന്നെ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതില്‍ എനിക്ക് തെല്ലും അത്ഭുതമില്ല. ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ. പി.സി.വിഷ്ണുനാഥ് ആണ് ഹരിത പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്. ഏതാണ്ട് മുന്നൂറോളം യുവജനങ്ങളുടെ സാന്നിധ്യം തിരുമേനിക്ക് ഈ പദ്ധതിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളെയും അകറ്റുന്നതായിരുന്നു. ഈ പദ്ധതി ഇടവക തലത്തില്‍ ആദ്യം നടപ്പാക്കുന്നു. പിന്നീട് ഭവനങ്ങളിലേക്കും എത്തിക്കുവാനാണ് തിരുമേനി ആഗ്രഹിക്കുന്നത്. അതിനായി പാവല്‍, വെണ്ട, ചീര, പയര്‍ വെള്ളരി എന്നിവയുടെ വിത്തുപായ്ക്കറ്റുകള്‍ യൂണിറ്റ് സെക്രട്ടറിമാരെ ഏല്‍പ്പിച്ചു. ഭദ്രാസനത്തിലെ 36 യൂണിറ്റുകളിലെ സെക്രട്ടറിമാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ചെങ്ങന്നുര്‍ ഭദ്രാസനം യുവജന സഖ്യത്തിന്റെ 2008-2009 പ്രവര്‍ത്തന രൂപരേഖ യോഗത്തില്‍ വിതരണം ചെയ്യുകയുണ്ടായി. 2.30ന് ആരംഭിച്ച സമ്മേളനം 3.30.ഓടെ സമാപിച്ചു.

Thursday, July 10, 2008

യോര്‍ദ്ദാന്‍ നാദം - ഇടവക ബുള്ളറ്റിന്‍



ഇടവക ബുള്ളറ്റിന്‍ യോര്‍ദ്ദാന്‍ നാദം 2008 ജൂലൈ മാസമാണ് പ്രസീദ്ധീകരണം ആരംഭിച്ചത്. ഒന്നാം വാര്‍ഷികത്തിന്റെ നിറവീലാണ് യോര്‍ദ്ദാന്‍ നാദം ഇപ്പോള്‍. ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചുവരുന്ന റവ. ഫാ. സ്റ്റീഫന്‍ വര്‍ഗീസ് ആണ് ഇടവകയില്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളുടെ ഓരോ മാസത്തെയും പ്രാര്‍ത്ഥനക്രമീകരണങ്ങളുടെ അറിയിപ്പുകളും, ഇടവകയിലെ മറ്റു വാര്‍ത്തകളും ഒപ്പം തിരുവചന സത്യങ്ങളെ വെളിവാക്കുന്ന ലേഖനങ്ങളും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിന്റെ ചെലവുകള്‍ ഓരോ വ്യക്തികളോ സ്ഥാപനങ്ങളോ‍ ഓരോ മാസവും ഏറ്റെടുക്കുന്നു. ഇതുവരെയും മുടങ്ങാതെ സ്പോണ്‍സര്‍മാരെ ലഭിക്കുന്നതിന് ദൈവത്തെ സ്തുതിക്കുന്നു. തുടര്‍ന്നും ഇതിന്റെ അനുഗ്രഹപ്രദാമായ നടത്തിപ്പിനായി ഏവരും പ്രാര്‍ത്ഥിക്കുമല്ലോ.

യോര്‍ദ്ദാന്‍ തീരത്ത് ഇത്തിരി നേരം

പ്രീയപ്പെട്ടവരേ,
യോര്‍ദ്ദാന്‍ തീരത്തേക്ക് നിങ്ങള്‍ക്ക് സ്വാഗതം. യോര്‍ദ്ദാന്‍ എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മദ്ധ്യപൂര്‍വ്വ ദേശത്തെ ജോര്‍ദാന്‍ എന്ന രാജ്യവും യോര്‍ദ്ദാന്‍ നദിയും ഓര്‍മ വരും. എങ്കില്‍ ഈ യോര്‍ദ്ദാന്‍ ഇവിടെ ഈ കൊച്ചു കേരളത്തിലാണ് അനുഗൃഹത്തിന്റെ കൈവഴികളുമായി ഒഴുകുന്നത്. ഇവിടെ... ചെങ്ങന്നുര്‍ എന്ന കൊച്ചുപട്ടണത്തിനു 2 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി വന്മഴി എന്ന കൊച്ചു ഗ്രാമത്തിലാണ് പുണ്യങ്ങളുടെ നദിയായ യോര്‍ദ്ദാന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട യോര്‍ദ്ദാന്‍പുരം ഓര്‍ത്തഡോക്സ് ദേവാലയം സ്ഥിതി ചെയ്യുന്നത്. 2004 ഡിസംബറില്‍ മലങ്കരയുടെ “എയ്ഞ്ചല്‍ ബാവ” യാണ് അതുവരെ “കാളികുന്ന്” എന്ന് അറിയപ്പെട്ട ഈ കൊച്ചു തുരുത്തിന് അനുഗൃഹീതമായ യോര്‍ദ്ദാന്‍ നദിയുടെ സ്മരണകള്‍ ഉയര്‍ത്തുന്ന “യോര്‍ദ്ദാന്‍പുരം” എന്ന് നാമകരണം ചെയ്തത്. പരിശുദ്ധ പരുമല തിരുമേനീയാല്‍ 1890-ല്‍ ഈ ദേവാലയം വി.യൂഹാനോന്‍ മാംദാനയുടെ നാമധേയത്തിലാണ് സ്ഥാപിതമായത്. പരിശുദ്ധ പരുമല തിരുമേനിയുടെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്മഴിയില്‍ എത്തുകയും അവിടെ അപരിഷ്കൃതരായി ജീവിച്ചു വന്നിരുന്ന ദളിത്‌ വിഭാഗങ്ങള്‍ക്കിടയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയും ചെയ്തതിന്റെ ഫലമായി ധാരാളം പേര്‍ മാമോദീസ സ്വീകരിച്ചു സഭയോട് ചേര്‍ന്നു. അവര്‍ക്കായി ഇവിടെ ഒരു ദേവാലയം സ്ഥാപിച്ചു നല്കുകയുമായിരുന്ന്നു. ചെറിയ കുന്നും അതിനോട് ചേര്‍ന് ക്ഷേത്രവും ഉള്ളതിനാല്‍ കാളികുന്നു എന്ന് ആ സ്ഥലം അറിയപ്പെട്ടു. വി. യൂഹാനോന്‍ മാംദാനയാല്‍ നമ്മുടെ കര്‍ത്താവ് സ്നാനമേറ്റ യോര്‍ദ്ദാന്റെ സ്മരണകളെ ഉയര്‍ത്തിവിടുവാന്‍ പര്യാപ്തമായ ഈ നാമം എന്തുകൊണ്ടും ഈ ദേവാലയത്തിന് അനുയോജ്യവും അനുഗ്രഹകരവുമാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ സാന്നിദ്ധ്യത്താല്‍ അനുഗ്രഹീതമായ മണ്ണാണ് യോര്‍ദ്ദാന്‍പുരത്തേത്. ഇവിടെയെത്തുന്ന ഓരോ വിശ്വാസിയ്ക്കും പരിശുദ്ധന്റെ നിതാന്ത സാന്നിധ്യം അനുഭവിച്ചറിയുവാന്‍ സാധിക്കുന്നു. ധ്യാനാത്മകമായ മനസ്സോടെ അല്പനേരം ചിന്തകളെ ദൈവസന്നിധിയിലേക്ക് പകരുമ്പോള്‍ പള്ളിക്കുള്ളില്‍ നിറയുന്ന പരിമളം ആ പരിശുദ്ധന്റെ സാമീപ്യം തന്നെയെന്ന് നാം തിരിച്ചറിയുന്നു. ജാതി മത വ്യത്യാസമെന്യേ അനേകരാണ് പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ച പേടകത്തിനു മുന്നിലെത്തി തങ്ങളുടെ അപേക്ഷകളും സങ്കടയാചനകളും കഴിക്കുന്നത്. അവരുടെയൊക്കെ ജീവിതത്തില്‍ തിരുമേനി ഒരു നിത്യസാ‍ന്നിധ്യമാണ്. ജീവിതവിശുദ്ധിയും ലളിതജീവിതവും അഗതികളോടും അനാഥരോടും കാട്ടുന്ന കരുണയും തിരുമേനിയുടെ നാമം അനശ്വരമാക്കി. ആ പരിശുദ്ധന്റെ ജീവിതവും ദര്‍ശനവുമാണ് നാം പ്രാപിക്കേണ്ടത്. ഇന്നത്തെ തലമുറയില്‍ നിന്ന് അന്യമാകുന്നത് അതാണ്. എന്നാല്‍ ചില കിരണങ്ങളെയും കാണാതെ പോകരുത്. മാര്‍ ഗ്രീഗോറിയോസ് സ്റ്റഡി ഫോറം പരിശുദ്ധന്റെ 160 -മത് ജന്മവാര്‍ഷികം പ്രമാണീച്ഛ് 60 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. അങ്ങനെ ഈ ദേവാലയത്തിലും ഒരു മരം തളിര്‍ക്കുന്നു. അനേകര്‍ക്ക് ആശ്വാസമായി, ആലംബമായി....