Tuesday, July 22, 2008
ചെങ്ങന്നൂര്‍ ഭദ്രാസനം - ഹരിത പദ്ധതി ഉദ്ഘാടനം
ചെങ്ങന്നുര്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തില്‍ 2008 ജുലൈ മാസം 20ന് ഹരിതപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. കൃഷിയും കര്‍ഷകനും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മലങ്കര ഓര്‍ത്തഡോക്സ് യുവജനങ്ങളെ കാര്‍ഷികവൃത്തിയുടെ മഹത്വം എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുവാനായി ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി. തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി ആവിഷ്കരിച്ച പദ്ധതിയാണ് ഹരിത. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരുമേനിയുടെ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം വളരെ പ്രശസ്തമാണ്. സഭാമക്കളെയും അതിലുപരി മണ്ണിനെയും സ്നേഹിക്കുന്ന ഒരു തിരുമേനിയാണ് ഞങ്ങള്‍ക്കുള്ളതെന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. പൌരോഹിത്യത്തിന്റെ ഉന്നത പടവുകള്‍ കയറുമ്പോഴും സഭ കല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഓരോന്നും ഏല്‍ക്കുമ്പോഴും തന്റെ ഭദ്രാസന ആസ്ഥാനത്തെ ഓരോ പുല്‍ക്കൊടിയെയും തിരിച്ചറിയുന്ന രീതിയിലുള്ള ബന്ധം തിരുമേനി കാത്തുസൂക്ഷിക്കുമായിരുന്നു. അതിന്റെ തെളീവാണ് ഇന്ന് ബഥേല്‍ അരമന വളപ്പില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. തോളൊപ്പം മുട്ടിനില്‍ക്കുന്ന മാമ്പഴങ്ങള്‍, വെണ്ടയും, മത്തയും, വാഴയും മീന്‍കുളവും അങ്ങനെ മണ്ണിന്റെ മനസ്സറിഞ്ഞ് കൃഷിയെ സ്നേഹിക്കുന്ന തിരുമേനി തന്നെ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതില്‍ എനിക്ക് തെല്ലും അത്ഭുതമില്ല. ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ. പി.സി.വിഷ്ണുനാഥ് ആണ് ഹരിത പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്. ഏതാണ്ട് മുന്നൂറോളം യുവജനങ്ങളുടെ സാന്നിധ്യം തിരുമേനിക്ക് ഈ പദ്ധതിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളെയും അകറ്റുന്നതായിരുന്നു. ഈ പദ്ധതി ഇടവക തലത്തില്‍ ആദ്യം നടപ്പാക്കുന്നു. പിന്നീട് ഭവനങ്ങളിലേക്കും എത്തിക്കുവാനാണ് തിരുമേനി ആഗ്രഹിക്കുന്നത്. അതിനായി പാവല്‍, വെണ്ട, ചീര, പയര്‍ വെള്ളരി എന്നിവയുടെ വിത്തുപായ്ക്കറ്റുകള്‍ യൂണിറ്റ് സെക്രട്ടറിമാരെ ഏല്‍പ്പിച്ചു. ഭദ്രാസനത്തിലെ 36 യൂണിറ്റുകളിലെ സെക്രട്ടറിമാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ചെങ്ങന്നുര്‍ ഭദ്രാസനം യുവജന സഖ്യത്തിന്റെ 2008-2009 പ്രവര്‍ത്തന രൂപരേഖ യോഗത്തില്‍ വിതരണം ചെയ്യുകയുണ്ടായി. 2.30ന് ആരംഭിച്ച സമ്മേളനം 3.30.ഓടെ സമാപിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment