Monday, March 30, 2009

ആദ്ധ്യാത്മിക സംഘടനാ വാര്‍ഷിക സമ്മേളനം



യോര്‍ദ്ദാന്‍പുരം ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷിക സമ്മേളനം 2009 മാര്‍ച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ അതിന്റെ സഭാദിനമായി ആഘോഷിക്കപ്പെടുന്ന ദിവസമാണ് മാര്‍ച്ച് 29. രാവിലെ വി. കുര്‍ബ്ബാനയ്ക്കു മുന്‍പ് ഇടവക വികാരി ഫാ. സ്റ്റീഫന്‍ വര്‍ഗീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തി. വി. കുര്‍ബ്ബാ‍നയ്ക്കുശേഷം കാതോലിക്കാ സിംഹാസനത്തോടുള്ള കൂറും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കുമെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുത്തു. മലങ്കര സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഈ ദിനത്തില്‍ തന്നെ ഇത്തരമൊരു വാര്‍ഷിക സമ്മേളനം നടത്തുവാന്‍ കഴിഞ്ഞതില്‍ ദൈവത്തെ സ്തുതിക്കുന്നു. കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ ദിനമായിരുന്നു വാര്‍ഷിക സമ്മേളനം നടത്തിയത്. ഇപ്രാവശ്യത്തെ വാര്‍ഷിക സമ്മേളനത്തിന് ഉദ്ഘാടകനായി എത്തിച്ചേര്‍ന്നത് ചെങ്ങന്നൂര്‍ ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറിയും അദ്ധ്യാപകനുമായ ശ്രീ. സിബി മത്തായി ആയിരുന്നു.
സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നത് ഇടവക വികാരി ഫാ.സ്റ്റീഫന്‍ വര്‍ഗീസ് ആ‍യിരുന്നു. പ്രാര്‍ത്ഥനാഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് സണ്ടേസ്കുള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. തങ്കച്ചന്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഫാ.സ്റ്റീഫന്‍ വര്‍ഗീസ് അദ്ധ്യക്ഷപ്രസംഗം നടത്തി. ഇടവകയിലെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍ മെച്ചമായി പ്രവര്‍ത്തിക്കണമെന്നും തങ്ങളുടെ ആത്മികനിലവാരം എങ്ങനെയാണുള്ളതെന്ന് ഓരോരുത്തരും വിലയിരുത്തണമെന്നും ബഹു. അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഇനി വരുവാനുള്ള തലമുറകളെ മൂല്യബോധമുള്ള തലമുറയായി വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ അവര്‍ക്ക് ശരിയായ ആത്മീയ ശിക്ഷണത്തൊടൊപ്പംതന്നെ വിദ്യാഭ്യാസ രംഗങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തേണ്ടതും അത്യാവശ്യമാണെന്നും അച്ചന്‍ പറഞ്ഞു. അക്കാദമിക് തലങ്ങളിലും അഡ്മിനിസ്ട്രേഷന്‍ രംഗങ്ങളിലും ഇടവകയില്‍നിന്ന് നല്ല വാഗ്ദാനങ്ങള്‍ ഉണ്ടായി വരണം. അതുപോലെ സഭയുടെ വളര്‍ച്ചയില്‍ നല്ല പങ്കുവഹിക്കുവാന്‍ കഴിയുന്ന പുരോഹിതശ്രേഷ്ഠരും സന്യാസിനിമാരും ആദ്ധ്യാത്മികപ്രവര്‍ത്തകരും ഇവിടെ ജനിക്കണം. അതിനുവേണ്ടി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും നിങ്ങള്‍ക്കു കഴിയണമെന്നും അച്ചന്‍ ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് സണ്ടേസ്കൂള്‍ കുഞ്ഞുങ്ങള്‍ ഗാനം ആലപിച്ചു. തുടര്‍ന്ന് സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുവാന്‍ ബഹു. സിബി മത്തായിയെ അധ്യക്ഷന്‍ ക്ഷണിച്ചു. സഭാദിനത്തില്‍ തന്നെ ഇത്തരമൊരു വാര്‍ഷിക സമ്മേളനം നടത്തിയതിലുള്ള അഭിനന്ദനം ശ്രി. സിബി മത്തായി ആദ്യംതന്നെ ഇടവകയെ അറിയിച്ചു. ഓരോ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും സഭയുടെ ഓരോ ചക്രങ്ങളാണെന്നും, ഈ ചക്രങ്ങളെല്ലാം തന്നെ ഒരേപോലെ മുന്‍പോട്ടു പോയാ‍ലേ നാം ലക്ഷ്യം വയ്ക്കുന്ന ഇടങ്ങളില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളു എന്ന് അദ്ദേഹം ഇടവക ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. സഭാദിനം ആയതുകൊണ്ട് തനിക്കു കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ മലങ്കര സഭയുടെ ചരിത്രം ഇളം തലമുറകളെ പഠിപ്പിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചു. നമ്മള്‍ സഭയോടു സ്നേഹമുള്ളവരായിരിക്കണം. സഭയെ വിമര്‍ശിക്കുവാന്‍ ഇന്ന് ഓര്‍ത്തഡോസ്കുകാരനു മാത്രമേ സാധിക്കു. ആ സ്ഥിതി മാറി നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ സഭയോടു കാണിച്ച തീക്ഷ്ണത മനസ്സിലാക്കി ഒരു പുതിയ കാഴ്ചപ്പാടോടെ സഭയെ സ്നേഹിക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് ഈ ആദ്ധ്യാത്മിക സംഘടനാ വാര്‍ഷിക സമ്മേളനം ശ്രീ. സിബി മത്തായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബാല സമാജം, സണ്ടേസ്കൂള്‍, എം.ജി.ഓ.സി.എസ്.എം., യുവജനപ്രസ്ഥാനം, മര്‍ത്തമറിയം സമാജം, വിവിധ പ്രാര്‍ത്ഥനായോഗങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിമാര്‍ അവതരിപ്പിച്ചു.ഓരോ റിപ്പോര്‍ട്ടു വായനയ്ക്കു ശേഷം എം.ജി.എം.സണ്ടേസ്കൂള്‍ കുഞ്ഞുങ്ങളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷത്തേയ്ക്കുള്ള ആദ്ധ്യാത്മിക കൌണ്‍സില്‍ സെക്രട്ടറിയായി പൂമുറ്റത്തില്‍ ശ്രി.ബിജിമോനെ യോഗം തെരഞ്ഞെടുത്തു. സഭയില്‍ ഈ വര്‍ഷം മുതല്‍ ദിവ്യബോധനം ഒരു സംഘടനയായി അംഗീകരിക്കപ്പെട്ടുകൊണ്ട് ഇന്നേദിവസം പ.കാതോലിക്കാബാവയുടെ കല്പന ഉണ്ടായിരുന്നു. ഇടവകയില്‍ ദിവ്യബോധനം ഈ വര്‍ഷം മുതല്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു. അതിന്റെ കോര്‍-ഡിനേറ്ററായി മണപ്പുറത്ത് ശ്രീ. ബാബുവിനെ യോഗം തെരഞ്ഞെടുത്തു. നാലുമണിയോടെ യോഗം അവസാനിച്ചു
.

1 comment:

Unknown said...

Puthiya Secrataryku Aasamsakal....
Ingane oru blog create cheythathinum thanks...& Best wishes