
2009 മെയ് മാസം ആറാം തീയതി വെളുപ്പിനെ 4 മണിയോടെയായിരുന്നു, ഞങ്ങള്‍, യോര്‍ദ്ദാന്‍പുരത്തെ മക്കള്‍, തേക്കടി- രാമക്കല്‍മേട് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. ഞങ്ങള്‍ 57 പേരായിരുന്നു യാത്രാ സംഘത്തില്‍. പറഞ്ഞ സമയത്തിനു മുന്‍പേ എല്ലാവരും ഉത്സാഹത്തോടെതന്നെ എത്തിച്ചേര്‍ന്നു പറ്റിയ ഇരിപ്പിടങ്ങള്‍ കരസ്ഥമാക്കി. ഉല്ലാസപൂര്‍ണമായ ഒരു യാത്രയ്ക്ക് തങ്ങള്‍ തയ്യാറായി എന്നു ഓരോരുത്തരുടെയും മുഖഭാവം വിളിച്ചോതിയിരുന്നു. കുട്ടികളെക്കാളധികവും മുതിര്‍ന്നവരായിരുന്നു സംഘത്തില്‍. എന്നാലും വണ്ടി നീങ്ങിത്തുടങ്ങിയതോടെ എല്ലാവരും പ്രായം മറന്ന് ആവേശത്തിലായി. ചെങ്ങന്നൂര്‍, കോഴഞ്ചേരി, റാന്നി വഴി എരുമേലിയെത്തിയപ്പോള്‍ സമയം അഞ്ചര. ഞങ്ങളുടെ വണ്ടി മെല്ലെ സൈഡിലേക്ക് ഒതുങ്ങി നിന്നു. കാപ്പികുടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപ്നാ അപ്നാ കാപ്പി കുടിക്കാമെന്ന് അച്ചന്റെ അറിയിപ്പ്. കേട്ടപാടെ എല്ലാവരും എന്നാല്‍ അങ്ങനെയാകട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് ബസിനു പുറത്തേക്കിറങ്ങി. നേരം വെളുക്കാന്‍ ഇനിയും അര മണിക്കുര്‍ കാണും. എരുമേലി ജംഗ്ഷനില്‍ തുറന്നുവെച്ച ഒരു തട്ടുകട ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ഓരോരുത്തര്‍ക്കും ആവശ്യമായത് അവിടെ ഉണ്ടായിരുന്നതുകൊണ്ട് വല്യ പ്രശ്നമുണ്ടായില്ല. കട്ടന് കട്ടന്‍, പാല്‍ കാപ്പിക്ക് പാല്‍കാപ്പി, ചായക്ക് ചായ. അങ്ങനെ എല്ലാം അവിടെ കിട്ടുമായിരുന്നു. കുറേപ്പേര്‍ ടോയ് ലറ്റുകള്‍ തേടിപ്പോയി. പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന സ്ഥലത്താണ് ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. മതസൌഹാര്‍ദ്ദത്തിന് തെളിവായി മുസ്ലീം പള്ളിയും ഹിന്ദു ക്ഷേത്രവും മുഖത്തോടു മുഖം നോക്കിനില്‍ക്കുന്ന ഒരു മുക്കവലയാണ് അത്. ഇടത്തേക്ക് പോയാല്‍ കോട്ടയം, വലത്തേക്ക് പോയാല്‍ മുണ്ടക്കയം. ഞങ്ങള്‍ക്ക് വലത്തേക്കാണ് പോകേണ്ടത്. അഞ്ചേമുക്കാലോടെ ഞങ്ങള്‍ എരുമേലിയോട് വിടപറഞ്ഞു. ശബരിമല പാതയിലൂടെയാണ് വണ്ടി ഇപ്പോള്‍ ഓടുന്നത്. വഴിയുടെ ഇരുവശവും റബര്‍ മരങ്ങള്‍ കാണപ്പെട്ടു. റോഡ് വിജനമാണ്. ഇടക്കിടെ തോട്ടം തൊഴിലാളികളെ കാണാം. മഞ്ഞ് കാര്യമായി ഇല്ല. അതുകൊണ്ട് ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വണ്ടി ഓടിക്കാം. അല്ലായിരുന്നെങ്കില്‍ യാത്ര കൂടുതല്‍ ദുഷ്കരമായേനേ. എന്നിട്ടും ഞങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടു നേരിട്ടു. എതിരേ വന്ന ഒരു മിനിലോറി ഡ്രൈവര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പു തന്നു, ഇതിലേ ഇനി ബസ് പോകില്ല, അവിടെ ചെറിയ ഒരു ആക്സിഡന്റ് നടന്നിട്ടുണ്ട് എന്ന്. തിരിഞ്ഞുപോകുവാനുള്ള എളുപ്പവഴിയും അയാള്‍ പറഞ്ഞുതന്നു. ബസ് പുറകിലേക്ക് ഓടിച്ച് വേറേ വഴിയായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അധികം മുന്നോട്ടു പോകുന്നതിനു മുമ്പേ അറിഞ്ഞതുകൊണ്ട് കാര്യമായി. അല്ലായിരുന്നെങ്കില്‍ കൂടുതല്‍ നേരം റിവേഴ്സ് എടുക്കേണ്ടി വന്നേനേ. അതും ദൈവത്തിന്റെ കൃപ. അച്ചന്‍ കൂടെയുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ടെന്‍ഷനില്ലായിരുന്നു എന്നുവേണം പറയാന്‍. കാരണം ഞങ്ങളെ ഒന്നിച്ച് നയിക്കാനുള്ള ഒരു ശക്തിസ്രോതസാണ് പ്രീയപ്പെട്ട സ്റ്റീഫനച്ചന്‍. അച്ചന്റെ ശക്തമായ നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ് ഇത്തരത്തില്‍ ഞങ്ങള്‍ക്ക് വിനോദയാത്രകള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നത്. അച്ചന് നന്ദിയുടെ പൂച്ചെണ്ടുകള്‍. ഇപ്പോള്‍ ഞങ്ങള്‍ പോകുന്ന വഴി ഇടുങ്ങിയ ഗ്രാമപാതയാണ്. ഒരു ബസിനു മാത്രം പോകാവുന്ന ടാറിംഗ്. ഏതാണ്ട് 20 മിനിറ്റു നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ വിശാലമായ മറ്റൊരു പാതയിലേക്ക് കയറി. അപ്പോഴേക്കും നേരം നന്നേ വെളുത്തിരുന്നു. വണ്ടിയില്‍ കുട്ടികളുടെ ആരവം കേട്ട് വഴിയാത്രക്കാര്‍ കൌതുകപൂര്‍വം നോക്കുന്നു. ബസിനുള്ളില്‍ ഏറ്റവും പിന്‍പില്‍ കൌമാരക്കാര്‍ പാട്ടിനൊപ്പിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കുന്നു. കുഞ്ഞുപിള്ളേര്‍ കൈകൊട്ടി പാടി അവരുടെ ലോകത്ത് ഉല്ലസിക്കുന്നു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് ശക്തിയായി വീശിക്കൊണ്ടിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കാഴ്ചയിലേക്ക് വന്നു. ഇവിടുത്തെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഈയിടെ മണിമലയാറില്‍ മുങ്ങിമരിച്ചത്. ഏതോ ഭാഗ്യക്കേടാണെന്നു തോന്നുന്നു, വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഇവിടെ അപകടത്തില്‍ മരിക്കുന്നു. കുന്നിന്‍മുകളില്‍ ഒരു ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ മനോഹരമായാണ് കോളേജ് നില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളിയും പിന്നിട്ട് ബസ് മുമ്പോട്ടു പൊയ്ക്കൊണ്ടിരുന്നു. ബസിനുള്ളില്‍ ഒരു ബഹളം കേട്ടു. എന്താണെന്നോ ആരോ പലഹാരപ്പൊതി തുറന്നതായിരുന്നു. നല്ല തൂവെള്ള വട്ടയപ്പം, അതിനു പിന്നാലെ വിഭവങ്ങള്‍ ഓരോന്നായി എത്തിത്തുടങ്ങി. തേക്കടി എത്തുന്നതിനുമുന്‍പേ ചെറിയൊരു ബ്രേക്ക്ഫാസ്റ്റ്. ഞങ്ങള്‍ക്ക് ഇനി തേക്കടി പള്ളിയിലാണു സ്റ്റേ. അവിടെ പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അച്ചന്‍ പറഞ്ഞു. മഞ്ഞു പുതഞ്ഞ താഴ് വരകള്‍ ദൃശ്യമായി തുടങ്ങി. കുട്ടികള്‍ ആരവത്തോടെ ഇടത്തേക്ക് തിരിഞ്ഞു. ഒരു പാത്രത്തില്‍ നിറയെ വെളുത്ത പത നിറച്ചുവച്ചതുപോലെ തോന്നി താഴ് വരയിലെ കാഴ്ച. കണ്‍കുളിര്‍ക്കെ ആ മനോഹാരിത എല്ലാവരും ആസ്വദിച്ചു. മൊബൈല്‍ ക്യാമറകളും ഡിജിറ്റല്‍ ക്യാമറകളും ആ ചാരുത ഒപ്പിയെടുത്തുകൊണ്ടിരുന്നു. കുട്ടിക്കാനത്ത് പതിവുള്ള തണുപ്പ് ഇല്ലായിരുന്നു. ഹൈറേഞ്ചിലെ ഏറ്റവും തണുപ്പുകൂടിയ മേഖലയെന്നാണ് ഇവിടം അറിയപ്പെടുന്നത്. പക്ഷേ ഇത് മെയ് മാസം ആയതുകൊണ്ടാവാം പ്രതീക്ഷിച്ചത്ര തണുപ്പ് ഇല്ലാതെ പോയത്. കുട്ടിക്കാനം മരിയന്‍ കോളേജ് ഇപ്പോള്‍ കാണാം. മലമുകളിലെ വിദ്യാപീഠങ്ങള്‍ക്ക് ഒരു പ്രത്യേകതയാണ്. കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് വരയ്ക്കുന്ന ഒരു അപൂര്‍വ്വ കലാസൃഷ്ടി എന്നുതന്നെ പറയാം ഈ സൌധങ്ങള്‍ക്ക്. ഇവിടെ പഠിച്ചിറങ്ങുന്നവരെല്ലാം നല്ല ഹൃദയമുള്ള, നല്ല ചിന്താശക്തിയുള്ള കുട്ടികള്‍ ആയിരിക്കും, തീര്‍ച്ച. കാരണം ഇവിടെ മനുഷ്യര്‍ക്ക് അഹംഭാവം എന്നൊരു കാര്യമേ ചിന്തിക്കാനാവില്ല. കടലും മലയും എന്നും മനുഷ്യമനസ്സിനെ അമ്പരപ്പിക്കുന്ന ദൈവസൃഷ്ടികളാണ്. ഇതിന്റെ മുമ്പില്‍ മാത്രം മനുഷ്യര്‍ക്ക് അഹങ്കരിക്കാനാവില്ല. ഞാന്‍ എത്രയോ ചെറുതാണെന്ന് ബോദ്ധ്യം വരുത്തുവാന്‍ ഇവയ്ക്ക് കഴിയും. അപ്പോള്‍ മനസ്സിലെ അഹന്തകള്‍ താനേ കെട്ടടങ്ങും. സഹജീവികളെ സ്നേഹിക്കുവാനുള്ള മനസ്സ് അല്പം കൂടുതല്‍ ഉള്ളത് നമ്മള്‍ മലമൂട്ടുകാര്‍ എന്നു വിശേഷിപ്പിക്കുന്ന ഇവര്‍ക്കാണെന്നുള്ളത് ഇതിനോടു ചേര്‍ത്ത് വായിക്കാം. കുമളി ടൌണ്‍ അടുക്കാറായി. ചാരുതയാര്‍ന്ന കാഴ്ചകള്‍ ഇരുവശങ്ങളിലും. നീരൊഴുക്കു നന്നേ കുറഞ്ഞ ചോലകള്‍, തേയിലക്കാടുകള്‍, ഏലക്കാടുകള്‍. കാറ്റിനൊരു പ്രത്യേക സുഗന്ധം തോന്നി. സമയം എട്ടേ മുക്കാല്‍. തേക്കടിയുടെ കവാടമായ കുമളി എത്തി. പ്രഭാതസൂര്യന്‍ തണുപ്പിനെ മുറിച്ച് നഗരത്തിനുമീതേ അലസമായി നോക്കിനിന്നു. ഞങ്ങളുടെ വാഹനം തിരക്കൊഴിഞ്ഞ വീഥിക്ക് ഓരം ചേര്‍ത്ത് നിര്‍ത്തി. കടകള്‍ അധികവും തുറന്നിട്ടില്ല. സുഗന്ധവ്യജ്ഞനങ്ങളുടെ നഗരമെന്നു നമുക്ക് ഇവിടെ മണത്തറിയാം. (continnued.....)

No comments:
Post a Comment