Tuesday, May 26, 2009

Puttadi Karmel Kurisumala




മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏക കുരിശുമല തീര്‍ത്ഥാടന കേന്ദ്രമായ പുറ്റടി സെന്റ് മേരീസ് പള്ളിയുടെ മുന്നിലാണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. കര്‍മ്മേല്‍ കുരിശുമല തീര്‍ത്ഥാടനകേന്ദ്രം എന്ന് ബോര്‍ഡില്‍ കാണാം. ചെരുപ്പുകള്‍ നടയില്‍ ഊരിവെച്ചിട്ടാണ് ഞങ്ങളെല്ലാവരും പള്ളിമുറ്റത്തേക്ക് പ്രവേശിച്ചത്. പള്ളിയില്‍ അല്പനേരം ഇരുന്നതിനുശേഷം ഞങ്ങള്‍ കുരിശുമല കയറാനായി നടന്നു. കയറ്റം തുടങ്ങുന്നതിനുമുന്‍പ് ഒരു കുരിശടിയുണ്ട്. പ്രാര്‍ത്ഥനകളോടെ കയറ്റം ആരംഭിക്കാം എന്ന സൂചനയാണിത്. നല്ല കയറ്റം തന്നെയാണിത്. പ്രായം മറന്ന് ആവേശത്തോടെ കയറുന്ന അമ്മച്ചി ഒരു അത്ഭുതമായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ മാത്രമേ മലകയറാന്‍ മടിച്ചുനിന്നുള്ളൂ. ഏതാണ്ട് 200 മീറ്റര്‍ ദൂരം മാത്രമേ കയറ്റമുള്ളൂ. പക്ഷേ നല്ല കുത്തനെയുള്ള കയറ്റമാണത്. അരികിലുള്ള കൈവരിയില്‍ പിടിച്ചു കയറുന്നതാണ് സുരക്ഷിതമെന്ന് അല്പനേരംകൊണ്ട് മനസ്സിലായി.പാതയുടെ നടുക്ക് ഇളക്കമുള്ള മണ്ണാണ് സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നിവീഴും. മലയാറ്റൂര്‍ കയറ്റം പോലെ പാറക്കൂട്ടങ്ങളോ മറ്റോ ഒന്നും ഇവിടെയില്ല. ഏതാണ്ട് പത്തുമിനിറ്റ് സമയംകൊണ്ട് ഞങ്ങള്‍ മലമുകളിലെത്തി. അവിടെ ഒരു ചെറിയ കുരിശും അതിനോടു ചേര്‍ന്ന് ചാപ്പലും ഉണ്ട്. അവിടെ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുണ്ട്. അതോടെയാണ് ഇവിടം മലങ്കര കുരിശുമല തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്. അപൂര്‍വമായ ഒരു അനുഭവമായിരുന്നു എല്ലാവര്‍ക്കും ഈ കുരിശുമല കയറ്റം. തേക്കടി ബോട്ടിങ് നടത്താഞ്ഞതിന്റെ വിഷമങ്ങളെല്ലാം ഇവിടെ വന്നപ്പോള്‍ മാറിയെന്ന് ആരോ പറയുന്നതുകേട്ടു. വിശുദ്ധിയില്‍ ജീവിതം നയിച്ച പരുമല പരിശുദ്ധന്റെ നിറ സാന്നിധ്യത്താല്‍ അനുഗൃഹീതമായ പുറ്റടി കുരിശുമല ശരിക്കും ഒരു റിലാക്സ് ആയിരുന്നു ഞങ്ങള്‍ക്ക്. എപ്പോഴും തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കുന്ന പ്രശാന്തമായ സ്ഥലം. ധ്യാനത്തിനു പറ്റിയ സ്ഥലമായതിനാല്‍ അനേകര്‍ ഇവിടേക്ക് വരാറുണ്ടെന്ന് വികാരി. ജോര്‍ജ്ജ് വര്‍ഗീസ് അച്ചന്‍ പറഞ്ഞു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലനിരകള്‍. ഏകദേശം 9 പള്ളികള്‍ നമുക്ക് ഇവിടെ നിന്നാല്‍ കാണാം. നിര്‍ദ്ദിഷ്ട ഇടുക്കി എയര്‍പോര്‍ട്ടിന്റെ സ്ഥലം അച്ചന്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. നല്ല നിരപ്പാര്‍ന്ന സ്ഥലം. അവിടെയുള്ള 3 പള്ളികള്‍ വിമാനത്താവളം വരുമ്പോള്‍ പൊളിക്കേണ്ടിവരും. ഞങ്ങള്‍ക്ക് ഇനി പോകേണ്ടത് രാമക്കല്‍ മേട്ടിലേക്കാണെന്ന് അച്ചനോടു പറഞ്ഞപ്പോള്‍, കാറ്റാടി കാണാന്‍ നിങ്ങള്‍ അവിടെവരെ പോകണമെന്നില്ല, ദാ അവിടേക്ക് നോക്കിയാല്‍ മതി എന്നു പറഞ്ഞ് അച്ചന്‍ ദൂരേക്ക് കൈ ചൂണ്ടി. അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്. ദൂരെ മലമുകളില്‍ ആകാശത്തോട് ചേര്‍ന്ന് മെല്ല കറങ്ങിക്കൊണ്ടിരിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍. മഞ്ഞ് പടലം മൂടിക്കിടക്കുന്നതുകൊണ്ട് കാഴ്ച വ്യക്തമല്ല. പുറ്റടി പള്ളിയിലെ ചെറിയ കാപ്പി സല്‍ക്കാരത്തിനുശേഷം കാറ്റാടിപ്പാടങ്ങളെ മനസ്സില്‍കണ്ടുകൊണ്ട് ഞങ്ങള്‍ മലയിറങ്ങി. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളിലൂടെയാണ് ഞങ്ങള്‍ ഓരോരുത്തരും ഇപ്പോള്‍ നീങ്ങുന്നത്. ഒരു തീര്‍ത്ഥാടനത്തിന്റെ അനുഭവം പകര്‍ന്നുതരുവാന്‍ കുരിശൂമലയ്ക്കു കഴിഞ്ഞു. ഇനി കാറ്റാടിപ്പാടം. അതാണ് ഞങ്ങളുടെ അവസാനത്തെ ഡെസ്റ്റിനേഷന്‍. അവിടേക്ക് ഏതാണ്ട് ഒന്നരമണിക്കൂര്‍ യാത്രയുണ്ടെന്ന് ജോര്‍ജ്ജച്ചന്‍ പറഞ്ഞു. ബസ് മുന്നോട്ടുനീങ്ങിത്തുടങ്ങി. സമയം നാലര കഴിഞ്ഞിരിക്കുന്നു. മുന്നോട്ടു പോകുന്തോറും കാലാവസ്ഥ മാറിവരുന്നതായി അനുഭവപ്പെട്ടു. മഴയുടെ ഒരു വിദൂരലക്ഷണം ഉള്ളതുപോലെ തോന്നി. മഴക്കാറുകള്‍ അന്തരീക്ഷത്തെ മെല്ലെ മൂടാന്‍ തുടങ്ങവേയാണ് ഞങ്ങള്‍ സുന്ദരമായ മറ്റൊരു ഭൂമികയിലേക്ക് എത്തിച്ചേര്‍ന്നത്. ചെല്ലാര്‍കോവില്‍. പേരു കേട്ടാല്‍ തമിഴ് ചുവ തോന്നും. എങ്കിലും കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ് നാടിനോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമമാണ് അത്. ബസ് നിര്‍ത്തിയപ്പോഴേ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ സമീപിച്ചു. ഗൈഡ് ആണെന്ന് പിന്നീട് മനസ്സിലായി. അയാള്‍ ഞങ്ങളെ മുന്നില്‍ കണ്ട ഒരു ഇടവഴിയിലേക്ക് നയിച്ചു. ചെറിയ പടര്‍പ്പുകള്‍ നിറഞ്ഞ ഇടുക്കുവഴി. വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ടു നടക്കുവാന്‍. അല്‍പനേരത്തിനുശേഷം ഞങ്ങള്‍ ഈ യാ‍ത്രയിലെ വിസ്മയകരമായ ആ കാഴ്ചയിലേക്ക് നടന്നെത്തി. തമിഴ്നാട് ഇതാ ഞങ്ങളുടെ കണ്മുന്നില്‍ നിണ്ടു പരന്നു കിടക്കുന്നു. മഴക്കാറുകള്‍ കാഴ്ചയ്ക്ക് അല്പം തടസ്സമുണ്ടാക്കിയെങ്കിലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാ‍ലതകള്‍ ഞങ്ങളെ ആശ്ചര്യപ്പെടുത്തി. നൂറുകൊല്ലങ്ങള്‍ പഴക്കമുള്ള പുളിമരങ്ങള്‍ നിരയൊപ്പിച്ച് നില്‍ക്കുന്നത് കാണാം. ഞങ്ങളിപ്പോള്‍ സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 3000 അടിയോളം മുകളിലാണെന്ന് ഗൈഡ് പറഞ്ഞുതന്നു. ശക്തിയേറിയ കാറ്റ് എല്ലാവരിലും ഉന്മേഷമേകി. തണുത്ത കാറ്റാണ്. എവിടെയോ മഴ പെയ്തുകാണും. ഞങ്ങള്‍ ആ വിസ്മയത്തില്‍ മുങ്ങിനില്‍ക്കവേ മഴ പെയ്യാന്‍ തുടങ്ങി. മെല്ലെ തുടങ്ങിയ മഴ പെട്ടെന്ന് ശക്തിയായി പെയ്യാന്‍ തുടങ്ങി പകുതിയോളം പേരും നനഞ്ഞു. മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ ഗന്ധം പഴയകാലങ്ങളിലേക്കെവിടെയോ കൂട്ടിക്കൊണ്ടുപോയി. മഴയും മഞ്ഞും ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയാണ്. ഉണങ്ങി വരണ്ട് ഒരിറ്റു വെള്ളത്തിനായി കേഴുന്ന ഭൂമി കാണുമ്പോള്‍ ദൈവത്തിന്റെ മനസ്സലിഞ്ഞു പോയതായിരിക്കാം ഈ അപ്രതീക്ഷിത മഴയ്ക്കു പിന്നിലെ കാര്യം.

1 comment:

manoj mathew said...

hai am manoj am from puttady
i am very happy , when i am see your post in this about our karmel mala